കുറയെ നേരമായി അവൾ ആ ബസ് സ്റ്റോപ്പിൽ ഇരിക്കാൻ തുടങ്ങിയിട്ട്. ഉച്ചവെയിൽ ആറാൻ തുടങ്ങിട്ടിയില്ല, സൂര്യൻ കത്തി നിൽക്കുന്നു. രാവിലെ ചൂടി വന്ന നീളൻ കറുത്ത കുടയും ആ പഴഞ്ചൻ ചെറു ബാഗും മടിയിൽ ചേർത്തു പിടിച്ചാണ് ഇരിപ്പ്. അതൊരു ചെറിയ ബസ് സ്റ്റോപ്പാണ്, രണ്ടു ഭാഗത്തും കൊന്നപത്തലുകൾ നാട്ടി ഓല കൊണ്ട് മേൽക്കൂര കൊടുത്തിട്ടുണ്ട്, അതുപോലെ തന്നെ ഇരിക്കാനായി ഒരു കൈവരിയും, കൊന്നകമ്പുകളിൽ നിന്നും പുതിയ ശിഖരങ്ങളും ഇലകളും മുളച്ച് മേൽക്കൂരയിലേക്ക് കയറിപോകുന്നു.
എപ്പോഴാണ് വന്നെതന്നു കൃത്യമായി ഓർമ്മയില്ല, രാവിലെ എത്തിയതാണ്, ഒരാളെ കാത്തിരിക്കാൻ വന്നതാണ്, എഴുത്തുകളിലൂടെ മാത്രം പരിചയമുള്ള ഒരാൾ. ഇന്നവിടെ വരാമെന്നും തമ്മിൽ കാണാമെന്നും അവസാന കത്തിൽ എഴുതിയിരുന്നു. എന്നാൽ എപ്പോൾ വരുമെന്ന് മാത്രം എഴുതിയിരുന്നില്ല. കത്തുകളിൽ പലപ്പോഴും കഥകളായിരുന്നു, അവസാനിക്കാൻ ആഗ്രഹിക്കാത്ത കഥകൾ, അല്ലെങ്കിൽ വ്യക്തമാക്കാൻ കഴിയാത്ത അവസാനങ്ങൾ ഒളിഞ്ഞു കിടന്നിരുന്ന കഥകൾ.
നേരമങ്ങനെ കടന്നു പോയി, ഗ്രാമാതിർത്തിയിലുള്ള കുഞ്ഞു സ്റ്റോപ്പായതു കൊണ്ടു തന്നെ അധികം ആരുമില്ലാതൊരിടം, അവൾ വന്നതിനു ശേഷം ആകെ മൂന്നോ നാലോ പേരാണ് അതിലെ കടന്നു പോയത്. അതിൽ തന്നെ കാലത്ത് പലഹാരകൊട്ടയും തലയിൽ വെച്ചു പോയൊരു വയസായ സ്ത്രീ മാത്രമാണ് അവളെ ശ്രദ്ധിച്ചത്.
ബസ്സുകൾ ഒരുപാട് കടന്നു പോയി, ആരുമിറങ്ങാനില്ലാത്തതു കൊണ്ടാവാം അവയിലൊന്നും തന്നെയാ കാത്തിരിപ്പ് കേന്ദ്രത്തെ കണ്ടില്ല. അവിടങ്ങനെയിരിക്കാൻ അവൾക്ക് മടുപ്പ് തോന്നിയില്ല. പക്ഷേ തനിക്ക് പോകാനുള്ള ഓരോ ബസ്സും അതിലെ കടന്നു പോകുമ്പോഴും , അതിലൊന്നിലും ആരും അവിടെ വന്നിറങ്ങാതിരുന്നപ്പോഴും മാത്രം അവളുടെയുള്ളിൽ എവിടെ നിന്നോ ഒരു പരിഭ്രാന്തി വന്നു നിറഞ്ഞു, സമയം കഴിയുന്തോറും ഭീതിപ്പെടുത്താൻ ശ്രമിച്ചു കൊണ്ടിരിക്കുന്നൊരു പരിഭ്രാന്തി, അതിൽ നിന്നും ഒഴിഞ്ഞു മാറി മറ്റെന്തെങ്കിലും ചിന്തക്കാൻ അവൾ ശ്രമിച്ചു, അയാളുടെ കഥകൾ, അവളുടെ കഥകൾ, പക്ഷേ ഒന്നും അവൾക്ക് ഓർമ്മിക്കാൻ കഴിഞ്ഞില്ല.
ആകെ മനസിലേക്കു വന്നത് ഒരു കാഴ്ചയാണ്. ഉറക്കെ ചിരിച്ചുകൊണ്ട് ഊഞ്ഞാലാടുന്നൊരു കുട്ടി. ഊഞ്ഞാലുയരുമ്പോൾ ആകാശത്തിനപ്പുറത്തേക്ക് ഏത്തിനോക്കാൻ കൊതിച്ച്, താഴേക്കു വരുമ്പോൾ ഭൂമിക്കടിയിലേക്കു വീണുപോകുമോ എന്ന് പേടിച്ച് ആകാശത്തിനും ഭൂമിക്കുമിടയിൽ ഊഞ്ഞാലിനെ പിടിച്ചു നിർത്താൻ പാടുപെടുന്നൊരു കുട്ടി!!
പാഞ്ഞു വന്നൊരു ബസ്സിന്റെ ഹോൺ അവളെയാ കാഴ്ചകളിൽ നിന്നും പുറത്തേക്ക് പിടിച്ചിട്ടു,
സമയമെത്ര കഴിഞ്ഞൂ എന്ന് മനസിലാവുന്നില്ല, സൂര്യൻ ചാഞ്ഞു തുടങ്ങിയിരിക്കുന്നു, ആകാശം ഇരുണ്ടിട്ടുണ്ട്. അവൾക്കു പോകാനുള്ള അവസാന ബസ്സാണ് കടന്നു പോയത്, പേടീ തോന്നി തുടങ്ങി വീണ്ടും, എന്തിനാണ് ഇവിടെ വന്നത്? കാത്തിരിക്കാൻ, പക്ഷേ ആരെ? ഓർത്തെടുക്കാൻ കഴിയുന്നില്ല, കത്തുകളെ കുറിച്ചൊന്നും ഓർമ്മയിൽ വരുന്നില്ല.
എവിടെ നിന്നോ ഒരു ബസ് വന്നു നിൽക്കുന്നതവൾ അറിഞ്ഞു, എങ്ങോട്ടാണെന്നറിയില്ല, നോക്കിയില്ല, ആ ബസ്സിലേക്ക് ഓടി കയറി, ആശ്വാസം തോന്നി, കാത്തിരുന്നയാളെ കുറിച്ചുള്ള ചിന്തകൾ വീണ്ടും മനസിലേക്കു വരുന്നു, ഇനിയൊരു ബസ്സ് വരുമെന്നും അയാൾ അതിൽ വന്നിറങ്ങുമെന്നും അവൾക്കു തോന്നി. അപ്പോഴേക്കും വണ്ടി നീങ്ങി തുടങ്ങിയിരുന്നു, അവൾ ചുറ്റും നോക്കി, ഇറങ്ങണമെന്നു മനസ്സ് പറയുന്നു. ആ ബസ്സിലിരിക്കുന്നവർ ഒക്കെ അവളെ തന്നെയാണ് നോക്കുന്നത്, അവരുടെ മുഖങ്ങൾക്കൊക്കെ എന്തോ ഒരു വിത്യാസം പോലെ, ഇന്നു വരെ കണ്ടിട്ടില്ലാത്ത മുഖങ്ങൾ, നോക്കി നിൽക്കെ അവരുടെ മുഖങ്ങളിൽ രൂപമാറ്റം സംഭവിക്കുന്നതുപോലെ, അവരുടെ മുഖങ്ങൾ മാഞ്ഞു തുടങ്ങി, അവർ പതുക്കെ മുഖങ്ങളില്ലാത്തവരായി മാറി,
അവൾ ഉറക്കെ നിലവിളിക്കാൻ ശ്രമിച്ചു, പക്ഷേ ശബ്ദം പുറത്തേക്ക് വരുന്നില്ല, കണ്ണുകളിൽ ഇരുട്ടു കയറുന്നു. ശബ്ദമില്ലാത്തവളായി, കാഴ്ച്ചയില്ലാത്തവളായി ബോധം മറഞ്ഞ് അവൾ നിലത്തേക്കു വീണു. പതുക്കെ അവൾക്കും മുഖമില്ലാതായി. അപ്പോഴും അവൾ മുറുകെ പിടിച്ചിരുന്ന ചെറു ബാഗിൽ ഒരു കത്ത് മാത്രം അവശേഷിച്ചു, ഒന്നും എഴുതാത്തൊരു കത്ത്.!