Saturday, April 18, 2020

അമ്മ

അടുക്കളയിലെ മുഷിഞ്ഞ തുണി കഷ്ണം പോലെയാണ് അമ്മയെന്നു എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.  അടുപ്പിലെയും പാത്രങ്ങളിലെയും അവ അടുക്കി വെച്ചിരിക്കുന്ന പൊട്ടിപൊളിഞ്ഞ തട്ടിലെയും വൃത്തികേടുകൾ മുഴുവൻ തൂത്തു തുടച്ചെടുത്ത് മുഷിഞ്ഞു കെട്ടു ഒരു കോണിലേക്കു ഉപേക്ഷിക്കപ്പെടുന്ന അടുക്കള തുണി. അമ്മയുടെ മുഖത്ത് പതിയെ പതിയെ ജനിച്ചു വന്ന കറുത്ത പാടുകൾ കാണുമ്പോൾ അടുക്കള തുണിയുപയോഗിച്ചു അമ്മ തന്നെ തുടച്ചു കളയാറുള്ള അടുപ്പിലെ കറുത്ത പൊട്ടുകൾ ഓർമ്മ വരും, പിന്നീടതാ തുണിയിൽ അവശേഷിക്കുന്ന പോലെതന്നെ അമ്മയിലും അവശേഷിക്കുന്നതാവാം. ഈ കറുത്ത പാടുകളും ക്ഷീണവുമൊക്കെ അമ്മയുടെ ശരീരം മുഴുവൻ അലങ്കരിച്ചു തുടങ്ങിയിരിക്കുന്നു, ആരോഗ്യവും സൗന്ദര്യവും നീണ്ടുകിടന്നിരുന്ന മുടിയുമൊക്കെ എന്നേ അസ്തമിച്ചിരിക്കുന്നു.
വിണ്ടു കീറിയ മെലിഞ്ഞ വിരലുകളും കാൽപാദങ്ങളും കുഴിഞ്ഞ കണ്ണുകളുമാണ് അമ്മയിന്ന്. "ഉറങ്ങാൻ കഴിയുന്നില്ലിപ്പൊ രാത്രിയില്ലൊന്നും, ദേഹമാകെ വേദനയാണ്" ഇടക്കൊക്കെ തന്നൊടു തന്നെയങ്ങനെ പറയുന്നതു കേൾക്കാം, അല്ലെങ്കിൽ അടുക്കളപ്പുറത്തെ പൂച്ചയോട്, പക്ഷേ ഞങ്ങളാരുമതത്ര ശ്രദ്ധിച്ചിട്ടില്ല, അലെങ്കിൽ തന്നെ ഞങ്ങളെല്ലാവരും ഉറങ്ങിയതിനു ശേഷം മാത്രം കിടന്നു ഞങ്ങളൊക്കെ എണീക്കുന്നതിനു മുൻപേതന്നെ എണീറ്റു പോകുന്ന അമ്മ ഉറങ്ങുന്നുണ്ടോ ഇല്ലയോ എന്നൊക്കെ ഞങ്ങൾ എങ്ങനെയറിയാനാണു?? ആകെ ശ്രദ്ധിച്ചിട്ടുള്ളതു തലേന്ന് കുളിച്ചു കഴുകാനിട്ടിരുന്ന അഴുക്ക് തുണിയൊക്കെ ഞങ്ങൾ എഴുന്നേൽക്കുമ്പോഴേക്കും വൃത്തിയായി കാലത്തു തന്നെ വെയിലും കൊണ്ട് അയയിൽ കിടന്നാടുന്നതാണ്, ചിലപ്പോഴൊക്കെ ഒപ്പം അതിലെ വെയിലും കൊണ്ട് നടക്കുന്ന അമ്മേയേയും കാണാറുണ്ട്. ഇതിനിടയിൽ അമ്മ ഭക്ഷണം എപ്പോഴാണോ ഉണ്ടാക്കുന്നത്, അറിയില്ല, പക്ഷേ ഭക്ഷണം വൈകിയാൽ ഞങ്ങളൾക്കൊക്കെ ദേഷ്യം വരും, പ്രത്യേകിച്ച് അച്ഛനു, അല്ലേലും അത്ര പാടുള്ള പണിയൊന്നും ഇല്ലല്ലോ വീട്ടിൽ ഭക്ഷണം വൈകാനും മാത്രം, അതുമല്ല ഓഫിസിൽ അച്ഛന് എന്തുമാത്രം തിരക്കുകളും ജോലികളും ഉള്ളതാണ്, ഞങ്ങൾക്കും എന്തൊക്കെ കാര്യങ്ങളുള്ളതാണ്, ഇത് വെല്ലോം അമ്മക്കറിയുവോ, പറഞ്ഞാൽ മനസില്ലാകുവോ, അതുകൊണ്ട് തന്നെ അമ്മയോടു പറയാൻ ഞങ്ങളാരും മെനക്കെടാറുമ്മില്ല.
ഭക്ഷണമൊക്കെ ഞങ്ങളുടെ ഇഷ്ടത്തിനാണ് പതിവ് അമ്മയ്ക്ക് അങ്ങനെ പ്രത്യേകിച്ച് ഇഷ്ട്ടങ്ങൾ ഒന്നുമില്ല, അല്ലെങ്കിൽ ആരും അത് ചോദിച്ചിട്ടില്ല, എന്തേലും വറത്തതും പൊരിച്ചതുമൊക്കെ ഉണ്ടാക്കിയാൽ അമ്മ കഴിക്കില്ല, "എനിക്കിതൊന്നും വല്ല്യ ഇഷ്ട്ടാല്ലാ" എന്നു പറയും, പക്ഷേ അമ്മമ്മ ഒരിക്കൽ പറഞ്ഞല്ലോ അമ്മയ്ക്ക് മീൻ വറുത്തതു വല്ല്യ ഇഷ്ട്ടാരുന്നൂന്ന്, പിന്നെയെന്തേ എനിക്കിതൊന്നും അത്ര  ഇഷ്ടമില്ലെന്നും പറഞ്ഞു അമ്മ എപ്പോഴും ഞങ്ങൾക്കു തരുന്നത്, ചിലപ്പോ ഞങ്ങൾ ഉണ്ടായതിനു ശേഷം ഇഷ്ടമില്ലാതായതാരിക്കും.
അമ്മയെപ്പോഴും വീടിനകത്തൂടെ ഓടി നടക്കുന്നതു കാണം, കൂടുതൽ സമയവും അടുക്കളയിലാണു, ടിവി കണ്ടുകൊണ്ടിരിക്കുമ്പോൾ നിലം തുടക്കാനായി അമ്മ വന്നാൽ ഞങ്ങൾക്കൊക്കെ ദേഷ്യം വരും, അതറിയാവുന്നതു കൊണ്ട് അമ്മയിപ്പൊ ശ്രദ്ധിച്ചേ ചെയ്യാറുള്ളൂ, " നിലത്തു കുനിഞ്ഞിരിക്കാൻ വയ്യാ, പാടാ, അതുകൊണ്ട് നിലം തുടക്കാന്നുള്ള കോലൊരെണ്ണം മേടിച്ചു തരുമോ" എന്ന് അമ്മ അച്ഛനോടെന്നോ ചോദിക്കുന്നതു കേട്ടായിരുന്നു, അച്ഛൻ മേടിച്ചു കൊടുത്തോ ആവോ, അതൊക്കെയൊരു അധിക ചിലവ് അല്ലേയെന്നോ മറ്റോ ആയിരുന്നു അച്ഛന്റെ മറുപടി.
വീടു മുഴുവൻ ഇങ്ങനെ ഓടി നടക്കുമെങ്കിലും ആരെങ്കിലും വന്നാൽ അമ്മയങ്ങനെ പൂമുഖത്തോട്ടു വരാറില്ല മടിയാണ് അതുകൊണ്ടു തന്നെ അടുക്കളയിൽ ചായയും പലഹാരവുമൊക്കെയുണ്ടാക്കി അത് കൊണ്ടുവരാനും പിന്നീട് ആ പാത്രങ്ങളോക്കെ തിരിച്ചു എടുത്തുകൊണ്ടു പോകാനും മാത്രമാണ് അമ്മ മുന്നിലോട്ടു വരാർ, അപ്പൊ അവരോടു എന്തെങ്കിലുമൊക്കെ കുശലം ചോദിക്കലും പതിവാണ്.
ചക്കയുപ്പേരീം, ചക്കപുഴുക്കും, ചക്കയടയുമൊക്കെ അമ്മ അടിപൊളിയായിട്ടുണ്ടാക്കും, എന്നാലും പറമ്പീന്നു ഇടക്കു ചക്ക കൊണ്ടുവരുമ്പോൽ അമ്മയ്ക്കു മാത്രം ഒരു സന്തോഷമുണ്ടാവാറില്ല, പകരം ഞങ്ങളാരും ശ്രദ്ധിക്കാത്തൊരു നെടുവീർപ്പു മാത്രമുണ്ടാകും, പിന്നീട് രാത്രിയിലെപ്പോഴൊ "ചക്ക വെട്ടിയിട്ടു കൈ അനക്കാൻ വയ്യല്ലോ ഇനിയീ പാത്രങ്ങൾ കൂടെ കഴുകാനുണ്ടല്ലോ" എന്നൊരാത്മഗതം കേൾക്കാം, വയ്യെങ്കിൽ അമ്മയ്ക്കു എവിടെയേലും ഇരുന്നു കുറച്ചു നേരം വിശ്രമിച്ചിട്ടു ബാക്കി പണികൾ ചെയ്താൽ പോരെ? അതിനും മാത്രം എന്തെങ്കിലും വയ്യായിക അമ്മയ്ക്കുണ്ടോ? എങ്കിൽ പിന്നെന്തേ എപ്പോഴും വയ്യ വയ്യാന്നു പറയുമെങ്കിലും അമ്മയൊരിക്കലും ഹോസ്പിറ്റലിൽ പോകുന്നതൊ മരുന്ന് മേടിക്കുന്നതോ ഞാൻ കണ്ടിട്ടില്ലല്ലോ!
പക്ഷേ അമ്മ തുടച്ചും വൃത്തിയാക്കിയുമൊക്കെ വീട്ടിലെ സർവ്വത്ര സാധനങ്ങൾക്കും ഇപ്പൊഴും പുതുമയുണ്ട്, വെടിപ്പുണ്ട് എന്നാൽ അമ്മയ്ക്കു മാത്രം ഉള്ളതിലേറെ പഴക്കം തോന്നിച്ചിരുന്നു, അടുക്കള തുണി പെട്ടന്നു മുഷിയുന്നതു പോലെ.
രാത്രി ഭക്ഷണം കഴിഞ്ഞു കിടന്നതാണ്, ഇതൊക്കെ ആലോചിച്ചു നേരം വൈകിയിരിക്കുന്നു, ഉറക്കം കുമിഞ്ഞു കൂടാൻ തുടങ്ങിയെന്റെ കണ്ണുകളിൽ, ഉറക്കത്തിനും പാതി ബോധത്തിനുമിടയിൽ മുഷിഞ്ഞ തുണിക്കൊണ്ട് അടുപ്പു തുടക്കുന്നൊരു മെലിഞ്ഞ രൂപം എന്റെ ചിന്തകളിൽ വന്നു, ഉറക്കമസ്വസ്ത്തപ്പെട്ടു ഞാൻ കണ്ണു തുറന്നു, എന്തോ വല്ലായ്മ തോന്നി, അപ്പോഴും അടുക്കളയിൽ നിന്നും പാത്രങ്ങൾ കഴുകുന്നതിന്റെയും അടുപ്പ് വൃത്തിയാക്കുന്നതിന്റെയുമൊക്കെ തട്ടും മുട്ടും ശബ്ദങ്ങളും നിർത്താതെ കേട്ടുകൊണ്ടേയിരുന്നു.!



No comments:

Post a Comment