ഇന്ന് നമുക്ക് ഒന്നിച്ചൊരു മഴ കാണാനിരിക്കാം,
ആർത്തു പെയ്യുന്ന രണ്ടിടങ്ങളിൽ, രണ്ടു വരാന്തകോണുകളിൽ, അലങ്കോലമായ മുടിയും മഴത്തുള്ളികൾ തട്ടിതെറിക്കുന്ന ശരീരവുമായി നമുക്കു മഴയിലേക്കു ചുരുങ്ങാം.
ചൂടു പിടിപ്പിക്കുന്ന കട്ടൻകാപ്പിയുടെ ഗന്ധവും രുചിയും ഉള്ളിലേക്കു പടരുമ്പോൾ, കൈകൾ കോർത്തു പിടിക്കാതെ, കണ്ണുകൾ തമ്മിലിടയാതെ മഴയിലൂടെ മാത്രം അറിഞ്ഞവരായി നമുക്കു മാറാം.ഞാൻ എന്റെ മാത്രം ചിന്തകളിലേക്കും നീ നിന്റെ മാത്രം ഭ്രാന്തുകളിലേക്കും ആഴ്ന്നിറങ്ങട്ടെ, ഒടുവിൽ ഇവ കൂട്ടി മുട്ടുന്ന ശൂന്യതയിൽ, പതിയെ കത്തിയെരിയുന്ന നിന്റെ പുകച്ചുരുളുകളെ വിഴുങ്ങി, വാശിപിടിച്ചു പെയ്യുന്ന മഴക്കിടയിലൂടെ നമുക്കു പരസ്പരം കണ്ടുമുട്ടാം,
ഈ മഴയും നമ്മളിലേക്കു ചെറുതാകുന്നു എന്നു തോന്നുന്ന നിമിഷം തിരിച്ചു നടക്കണം, പഴയെ കോണുകളിലേക്ക്. ഓരോ മഴയിലും, പെയ്യുന്ന മറ്റൊരു പാതിയിൽ മറ്റൊരാളുണ്ട് എന്നൊരോർമ്മയിലൂടെ മാത്രം ബന്ധിക്കപ്പെട്ടവരായി നമുക്ക് തുടരാം. മഴയിനിയും നിർത്താതെ പെയ്യട്ടേ!
No comments:
Post a Comment