ഒരിക്കൽ കൂടി സി.എം.എസ്സിലെ മഴ നനയണം, ഇല കൊഴിഞ്ഞ് നിൽക്കുന്ന മരങ്ങളിലൊക്കെ പച്ചപ്പ് കാണണം,പടിയിറങ്ങി പോകുന്നതിനു മുൻപ് ഇതിനു കഴിയണം എന്ന് ആഗ്രഹിച്ചതാണ്.! ഇന്ന് സർട്ടിഫിക്കറ്റ്സും മറ്റും വാങ്ങാൻ കോളേജിലേക്ക് ബസ് കയറിയപ്പോൾ മുതൽ ഈ കലാലയത്തിലെ മൂന്ന് വർഷങ്ങളും ഇവിടെ കഴിഞ്ഞു പോയ പകലുകളും കൂട്ടു കൂടി നടന്ന വൈകുന്നേരങ്ങളും, നനഞ്ഞു തീർത്ത മഴയും എടുത്തു കൂട്ടിയ ചിത്രങ്ങളുമൊക്കയായിരുന്നു മനസ്സിൽ.! രാവിലെ ചെന്നു കയറിയപ്പോഴെ പൂക്കൾ പരവതാനി വിരിച്ച, മരങ്ങൾ ഇലകളുടെ പച്ചപ്പിനൊപ്പം പൂക്കളുടെ ചെറുനിറങ്ങളും ചാലിച്ച സി.എം.എസ്സിനെയാണ് കണ്ടത്.ഇത്രമേൽ ഭംഗിയുള്ളൊരു കലാലയം നഷ്ടമാകുന്നതിൻ്റെ സങ്കടം ആഴത്തിലറിയാൻ കഴിഞ്ഞതപ്പോഴാണ്. ഒപ്പം ഇത്ര നല്ലൊരു ലൈബ്രറിയും.!
ഇവിടെ നിന്നും പോകുന്നതിനു മുൻപ് ആ മഴ ഒരിക്കൽ കൂടി കാണണം എന്ന് ഒരുപാട് ആശിച്ചിരുന്നു. സി.എം.എസ്സിൽ പഠിച്ച, ജീവിച്ച ഏതൊരു വിദ്യാർത്ഥിയും ഏറ്റം ഇഷ്ട്ടപെടുന്ന സിയെമ്മസിലെ മഴ, കാരണം ആ മഴക്കു എന്നും ഒരു പ്രത്യേക ഭംഗിയാണ്, മഴ പെയ്തു തീർന്നാലും മരം പെയ്തു തോരാത്ത ആ നനഞ്ഞ വൈകുന്നേരങ്ങൾക്കും.!
ഞങ്ങൾ എല്ലാവരും അവസാനമായി ഒന്നിച്ചു കൂടിയ ഇന്നത്തെ ദിവസം പക്ഷേ അങ്ങനൊരു മഴ ഞാൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല,അതുകൊണ്ട് തന്നെ സി.എം.എസ്സിൻ്റെ ആകാശത്ത് വൈകുന്നേരം മഴമേഘങ്ങളെ കണ്ടപ്പോൾ തോന്നിയ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ..
ഒട്ടും കുറവു വരത്താതെ തന്നെ മഴ തകർത്തു പെയ്തു ഇന്ന്. ആ മഴയിലേക്കു ഓടിയിറങ്ങിയത് ഇവിടുത്തെ മറക്കാനാവാത്ത ഓർമ്മകളിൽ എന്നും ഉണ്ടാവും. ആവോളം കണ്ടു, നനഞ്ഞു, പക്ഷേ എത്ര കണ്ടാലും മതിവരില്ലലോ സി.എം.എസ്സിലെ മഴ.!
ഇന്നീ മഴ പെയ്തത് ഞങ്ങൾക്ക് വേണ്ടിയാണ്, യാത്രയയപ്പ് തരാൻ, അവസാനമായി ഞങ്ങൾക്കു നനയാൻ.! പടിയിറങ്ങുമ്പോൾ കൂട്ടിനു മഴയും ഉണ്ടായിരുന്നു, ഒരുപാടു സന്തോഷവും സങ്കടവും ഒന്നിച്ച് തോന്നിയ നിമിഷങ്ങൾ..
ഇനിയുമിവിടെ ഒരുപാട് മഴ പെയ്യും, ഇവിടുത്തെ കുട്ടികൾ അത് നനഞ്ഞു നടക്കും, പക്ഷേ ഇനിയൊരിക്കൽ ആ മഴ നനയാൻ പഴയതു പോലാ വരാന്തയിൽ ഞങ്ങൾ മാത്രം ഉണ്ടാവില്ല..! ഓർമ്മകളുടെ മഴ ഇപ്പോഴും തോരാതെ പെയ്യുകയാണ്..!വിട...💔
(ഒരോർമ്മ കുറിപ്പ്)
No comments:
Post a Comment