"പത്ത് ദിവസമായി രൂക്ഷപോരാട്ടമാണ്, മരിച്ചവരുടെ കണക്കുകൾ ആയിരങ്ങൾ കടക്കുന്നു, എന്നാൽ യു.എൻ നിർദേശത്തെ തുടർന്ന് താല്ക്കാലികമായി ഇരു വിഭാഗങ്ങളും അഞ്ച് മണിക്കൂർ വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുന്നു, ആയാതിനാൽ കഴിഞ്ഞ രണ്ടു മണിക്കൂറോളം അന്തരീക്ഷം ശാന്തമാണ്". പാതിയടഞ്ഞ മിഴികളിലേക്കും കാതുകളിലേക്കും ഈ റേഡിയോ സന്ദേശം എത്തിയപ്പോൾ മജീദ് ഞെട്ടിയുണർന്നു.
"താനെപ്പോഴാണ് ഉറങ്ങിപോയത്, ഛേ, കഴിഞ്ഞ രണ്ടു മണിക്കൂറുകൾ നഷ്ടമായിരിക്കുന്നു" വല്ലാത്ത നിരാശ തോന്നി, "എത്രയും പെട്ടെന്ന് പുറത്ത് കടക്കണം, ഈ കെട്ടിടത്തിനകത്ത് പേടിച്ച് കഴിയാൻ തുടങ്ങിയിട്ട് നാലഞ്ചു ദിവസമായിരിക്കുന്നു". വിശന്നു തളർന്നുറങ്ങുന്ന തന്റെ കുഞ്ഞിനെ മജീദ് ഒരു നിമിഷം നോക്കി, ആകെയുണ്ടായിരുന്ന ഇത്തിരി വെള്ളവും ഭക്ഷണവും നൽകിയാണ് ആ പൈതലിന്റെ ജീവൻ ഇത്ര നാൾ പിടിച്ചു നിർത്തിയത്. തൊട്ടടുത്ത് തന്നെ ലൈലയുമുണ്ട്. പൊടിപിടിച്ച തറയിൽ കുത്തിയിരുന്നുകൊണ്ട് കുഞ്ഞിനെ കിടത്തിയിരിക്കുന്ന ചെറുകട്ടിലിലേക്ക് തല ചായ്ച്ചു കൊണ്ട് അവളും മയങ്ങിയിരിക്കുന്നു, "പാവം, ശരീരത്തിന്റെ ശക്തി നഷ്ടപ്പെട്ടിട്ടും മനസിന്റെ ധൈര്യം കൈവിടാതെ എത്ര നാളായി പിടിച്ചു നിൽക്കുന്നു".
മജീദ് കഴിയുന്നത്ര വേഗത്തിൽ പുറത്തേക്കോടി, കുറച്ചു നാളുകൾ മുൻപ് വരെ ശാന്തമായി സന്തോഷത്തോടെ താൻ കഴിഞ്ഞിരുന്ന നഗരത്തിന്റെ ഇന്നത്തെ രൂപം അവിശ്വസിനീയമാണ്. പുഴ പോലും കറുത്തു പോയിരിക്കുന്നു, രക്തം കട്ടപിടിച്ച് ഒഴുകുന്നത് പോലെ. വിവാഹം കഴിഞ്ഞ ആദ്യ നാളുകളിൽ ലൈലയെ അടുത്തറിഞ്ഞത് വൈകുന്നരങ്ങളിൽ ഈ പുഴക്കരയിലിരുന്നുള്ള വർത്തമാനങ്ങളിലൂടെയായിരുന്നു. ഇടക്കു ആരും കാണുന്നില്ലെന്നു തോന്നുമ്പോൾ പതിയെ കാൽപാദങ്ങൾ പുഴയിലേക്കു ഇറക്കി നൂലുപോലെയുള്ളയാ വെള്ളി കൊലുസുകൾ നനയ്ക്കാനും എനിക്കുമാത്രമായി കവിതകൾ ചൊല്ലിതരാനും അവൾ ഏറെ ഇഷ്ട്ടപ്പെട്ടിരുന്നു.
തിരക്കു നിറഞ്ഞ ചന്തയും, നടക്കാനും സാമഗ്രികൾ വാങ്ങിക്കാനുമായി ഇറങ്ങിയ മനുഷ്യർക്കും പകരം ഇന്നീ നഗരമൊരു ശവപ്പറമ്പ് പോലെയുണ്ട്, എവിടെയും പൊട്ടിപൊളിഞ്ഞ, തകർന്നടിഞ്ഞ കെട്ടിടങ്ങൾ, പലതിലും രക്തകറകൾ കാണം, മൃതശരീരങ്ങൾ, മരിക്കാറായ മനുഷ്യർ, എല്ലാം നഷ്ട്ടപ്പെട്ടു മുറവിളി കൂട്ടുന്നവർ, മുന്തിയ വസ്ത്രങ്ങൾ ധരിച്ച് വിലകൂടിയ വണ്ടികളിൽ അത്തറും പൂശി നടന്നിരുന്ന മനുഷ്യർ പലരുമിന്ന് കീറിപ്പറിഞ്ഞ വസ്ത്രങ്ങളും ചെളിപിടിച്ച് കട്ടകൂടിയ മുടിയുമായി ഭ്രാന്തുപിടിച്ചു തെരുവിലലയുന്നു. എല്ലാ കണ്ണുകളിലും ഒരുപോലെ പട്ടിണിയും ഭീതിയും നിറഞ്ഞു നിൽക്കുന്നു.
ഒരൽപം വെള്ളമോ ഭക്ഷണമോ അവശ്യ വസ്തുക്കളൊ കിട്ടുനിടങ്ങളിലൊക്കെ ജനങ്ങൾ ഇടിച്ചു കൂടുകയാണ്, എല്ലാവരും എന്തിനൊക്കെയോ വേണ്ടി മുറവിളി കൂട്ടുന്നു, അവരുടെ ഇടയിലേക്കു കയറുവാൻ മജീദാവുന്നത്ര ശ്രമിച്ചുനോക്കി, "ഇല്ല ഇവിടെ നിന്നിട്ടു കാര്യമില്ല" അയാൾ മറ്റെന്തെങ്കിലും വഴി നോക്കി അലയാൻ തുടങ്ങി, ഏതൊരിടത്തും ജനങ്ങളുടെ നീണ്ട നിര തന്നെയുണ്ടായിരുന്നു.
മജീദ് വീണ്ടും മുന്നോട്ട് നടന്നു, നഗര ചത്വരത്തിലേക്ക്, അതുമിന്ന് ഒരവശേഷിപ്പ് മാത്രമാണ്, അവിടെയും ചുറ്റിലും ജനങ്ങൾ, ആശ്വസിപ്പിക്കുന്നവർ, തമ്മിലടിക്കുന്നവർ, എവിടെയും ഒരിറ്റു വെള്ളം പോലും ലഭിക്കാനുള്ള സാധ്യതകൾ കാണുന്നില്ല. മജീദിനു ഉറക്കെ കരയാൻ തോന്നി "എന്റെ കുഞ്ഞ്, അവൾ പട്ടിണിയാണ്, അവൾക്ക് കൊടുക്കാൻ മാത്രം, ഒരൽപ്പം ആഹാരം ആരെങ്കിലും തരണേ!" പക്ഷേ അതുപോലെയുള്ള ആയിരകണക്കിന് നിലവിളികൾക്കിടയിൽ അതാരും കേൾക്കില്ല.
പെട്ടനാണ് എവിടെ നിന്നോ കിട്ടിയൊരു തോക്കും കൈകളിലുയർത്തി ഭ്രാന്തനെ പോലെ തോന്നിക്കുന്നൊരു മനുഷ്യൻ ചത്വരത്തിന്റേ നടുവിലേക്ക് വേച്ച ചുവടുകളുമായി വന്നത്. എല്ലാവരുടെയും ശ്രദ്ധ അയാളിലേക്കു തിരിഞ്ഞു, തോക്ക് സ്വന്തം ശരീരത്തിനു നേരെ തന്നെ പിടിച്ചു കൊണ്ട് കഴിയുന്നത്ര ഉറക്കെ അയാൾ വിളിച്ചു പറഞ്ഞു, "എന്റെ ജീവനു ഞാൻ തന്നെ വിലയിടുന്നു, ഈ നാടിനു നന്മയുണ്ടാവട്ടെ"
ഒരു നിമിഷം,
ആ മനുഷ്യൻ നിലം പതിച്ചു.
മജീദിനു തല കറങ്ങുന്നതുപോലെ തോന്നി, ഇനിയുമിവിടെ നിന്നാൽ തനിക്കും ഭ്രാന്തു പിടിക്കും, ചുറ്റും നടക്കുന്നതൊക്കെ സമനില തെറ്റിക്കുന്നു.
അപ്പോഴാണ് ഒരു യുദ്ധവിമാനം സൈറൺ മുഴക്കികൊണ്ടാകാശത്തു കൂടെ പാഞ്ഞു പോയത്, അതെന്തിന്റെയോ സൂചനയാണെന്നോളം മനുഷ്യർ നാലുപാടും ചിതറിയോടാൻ തുടങ്ങി.
അനുവദിച്ച സമയം കഴിഞ്ഞിരിക്കുന്നു, യുദ്ധം പുനരാരംഭിക്കുകയാണ്, "ഇനിയിവിടെ നിൽക്കുന്നത് സുരക്ഷിതമല്ല, ലൈലയും കുഞ്ഞും, അവർ ഭയപ്പെട്ടിടുണ്ടാകും, പക്ഷേ വെറും കൈയോടെ എങ്ങനെ തിരിച്ചു ചെല്ലും? കുഞ്ഞിനെന്തു നൽകും?"
ലക്ഷ്യമില്ലാതോടി, തകർന്നതെങ്കിലും പൊക്കമുള്ളൊരു കെട്ടിടത്തിന്റെ വക്കിലൊളിക്കവേ മജീദ് പൊട്ടിക്കരഞ്ഞു.
അന്തരീക്ഷം കൂടുതൽ ഭീകരമായി മാറിക്കൊണ്ടിരിക്കുകയാണ്, കൂടുതൽ യുദ്ധവിമാനങ്ങളും ടാങ്കറുകളുമൊക്കെ പ്രത്യക്ഷപ്പെട്ടു തുടങ്ങി.
രക്ഷപെടാൻ ശ്രമിക്കുന്ന മറ്റൊരു മനുഷ്യനെ മജീദ് കണ്ടതപ്പോഴാണ്, പക്ഷേ അയാൾ സുരക്ഷിതമായി എവിടെങ്കിലും ഒളിച്ചു നിൽക്കാൻ ശ്രമിക്കുന്നില്ല, പകരം തിടുക്കത്തിൽ എവിടെയോ എത്തിചേരാനുള്ള ഓട്ടത്തിലാണ്. അയാളുടെ കൈയ്യിലൊരു ചെറിയ പൊതിയുണ്ട്, ഭക്ഷണമാണെന്നു തോന്നുന്നു, ഒരുപക്ഷേ അയാൾക്കുമുണ്ടാകാമൊരു കൊച്ചുകുഞ്ഞ്, മജീദിനുള്ളു നീറുന്നതുപോലെ തോന്നി, തന്റെ കുഞ്ഞിനു വേണ്ടിയിതുപോലൊന്ന് സങ്കടിപ്പിക്കുവാൻ കഴിഞ്ഞിരുന്നെങ്കിൽ...
പെട്ടന്നാണത് സംഭവിച്ചത്, എവിടുന്നോ പാഞ്ഞുവന്ന ചെറിയ ഷെല്ലുകൾക്കിടയിൽ പെട്ട് മണ്ണിലേക്ക് വീണാമനുഷ്യൻ അവസാന ശ്വാസത്തിനായി ഒന്നു ബുദ്ധിമുട്ടി, പിന്നെ നിശബ്ദനായി. മജീദിന്റെയുള്ളിൽകൂടെ ഒരിടിമിന്നൽ കടന്നു പോയി, ഇനിയുമിവിടെ നിന്നാൽ തന്റെയും സ്ഥിതിയിതായിരിക്കും, പ്രിയപ്പെട്ടവരുടെയടുത്തെത്തണം എത്രയും പെട്ടെന്ന്, പക്ഷേ.... അപ്പോഴും വിശന്നു തളർന്ന കുഞ്ഞിന്റെ മുഖം മനസിലേക്കു വരികയാണ്.
ഒരു നിമിഷം മജീദ് മരിച്ചു കിടക്കുന്നയാ മനുഷ്യനെ തന്നെ നോക്കി നിന്നു, അയാൾക്കു തന്നോടു തന്നെ വെറുപ്പ് തോന്നി.
പിന്നെ, ഒന്നും ആലോചിക്കാതെയാ മൃതദേഹം ലക്ഷ്യമാക്കിയോടി, ആവുന്നത്ര വേഗത്തിൽ. അതിനടുത്തെത്തിയതും ഇനിയും തണുത്തിട്ടില്ലാത്ത കൈയ്യിൽ നിന്നും മുറുക്കിപിടിച്ച, രക്തം പടർന്ന പൊതി മജീദ് ശക്തിയായി പിടിച്ചു പറിച്ചെടുത്തു, തിരിഞ്ഞോടി, ഇനിയൊരിക്കൽ കൂടെയാ ശരീരത്തിലേക്കു നോക്കാൻ മജീദിനാവില്ലായിരുന്നു, കാലുകൾ തളരുന്നു, ചുറ്റും സംഭവിക്കുന്നതൊന്നും മജീദിനു മനസിലാവാതെയായി, തലങ്ങും വിലങ്ങും ഷെല്ലുകൾ, വെടിയുണ്ടകൾ, ടാങ്കറുകളുടെ മുരൾച്ച, കാതടപ്പിക്കും ശബ്ദത്തോടെ സ്ഫോടനങ്ങൾ, എവിടൊക്കെയോ മനുഷ്യകരച്ചിലുകൾ, പക്ഷേ മജീദിതൊന്നുമറിഞ്ഞില്ല, അയാൾ ഉന്മാദത്തിലാണ്ടിരുന്നു,നിഷ്കളങ്കമായി ചിരിക്കുന്ന തന്റെ കുഞ്ഞിന്റെ മുഖം മാത്രമായിരുന്നു അയാളുടെ മുൻപിലപ്പോൾ.!
(കുറച്ചു വർഷങ്ങൾക്കു മുൻപ് സിറിയൻ ആഭ്യന്തരയുദ്ധം വാർത്തകളിൽ നിറഞ്ഞുനിന്ന കാലത്ത് എഴുതിയത്)
❣❣❣❣
ReplyDeleteആ പൊതി❤️
ReplyDelete