പിരീഡ്സ്, സാനിറ്ററി നാപ്കിൻ, പാഡ് ഇതൊക്കെ ഇന്നും പതിഞ്ഞ ശബ്ദങ്ങൾക്കപ്പുറം പറയാൻ നമുക്ക് ബുദ്ധിമുട്ടാണ്.വിശേഷങ്ങളും വീട്ടിലിരുപ്പ് അവസ്ഥകളുമൊക്കെ പറയാൻ ഇന്നലെ വിളിച്ച ഒരു കൂട്ടുകാരിയിൽ നിന്നുമാണ് ഇതെഴുതാൻ തോന്നിയത്. ലോക്ക് ഡൗൺ തുടങ്ങിയതിനു ശേഷം അവളുടെ രണ്ടാമത്തെ പിരീഡ്സാണു ഇപ്പോൾ, കരുതിവെച്ച പാഡൊക്കെ തീർന്നതു കൊണ്ടും പുറത്തു പോയി സ്വയം മേടിക്കാൻ വേറെ വഴിയില്ലാത്തതുകൊണ്ടും "ആദ്യമായി" സാധനങ്ങൾ മേടിക്കാൻ പുറത്തേക്കിറങ്ങാൻ തുടങ്ങിയ അച്ഛന്റെ കയ്യിൽ ഒരു പേപ്പറിൽ എഴുതികൊടുത്തു വിട്ടു. അച്ഛൻ മേടിച്ചുകൊണ്ടു വന്നത് വില കൂടിയതും എന്നാൽ അവൾ ഉപയോഗിക്കാറില്ലാത്തതുമായ ബ്രാൻഡ്. അല്ലേർജിക്കാണ്. അതു പറഞ്ഞപ്പോൾ അച്ഛനു ദേഷ്യം വന്നു, ഇതൊന്നും മേടിക്കാൻ എന്നോടു പറയരുതെന്നു ഞാൻ പറഞ്ഞിട്ടുള്ളതല്ലേയെന്നും എനിക്ക് കടയിൽ നിന്നിട്ട് ഇതൊക്കെ എടുത്തു വിലയും പേരും നോക്കാനും കഴിയുമോ എന്നുമായിരുന്നു അച്ഛന്റെ മറുപടി. ഇതൊക്കെ മാറിമേടിക്കാൻ കൊണ്ടുപോകാൻ പറ്റുമോ, നാണക്കേടല്ലേ, കടയിലുള്ളവരു പോലും എന്ത് വിചാരിക്കും, തൽക്കാലം നീ ഇതുപയോഗിക്കു എന്നായിരുന്നു അമ്മയുടെ മറുപടി. പാഡ് എന്നു പറയാൻ ഒരുപാടുമില്ലാഞ്ഞിട്ടും "ഇത്, ഇതൊക്കെ" എന്നുപോലും വളരെ പാടുപ്പെട്ടാണ് നമ്മൾ പറയുന്നത്.
ഒരു പെൺകുട്ടിക്കു ഒട്ടും ഒഴിവാക്കാൻ സാധിക്കാത്ത ഏറ്റവും ആവശ്യമായ ഒന്നാണ് സാനിറ്ററി നാപ്കിൻ അഥവാ പാഡ് കാരണം നമ്മളിലധികവും ഇന്നും നാപ്കിനാണുപയോഗിക്കുന്നത്. സ്വന്തം വീടുകളിൽ, അച്ഛനോടും സഹോദരനോടും ഒരിക്കൽ പോലും ഇത്ര പ്രാധാന്യമർഹിക്കുന്ന കാര്യം സംസാരിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിൽ നമ്മുടെയൊക്കെ അവസ്ഥ ഭീകരമല്ലേ, തുറന്ന സംസാരങ്ങൾ സ്വന്തം വീടുകളിൽ സ്വീകാര്യമല്ലാതാകുമ്പോൾ പുറത്തേക്കിറങ്ങി സംസാരിക്കാൻ നമുക്ക് കഴിയുമോ? ഇങ്ങനെ എത്രമാത്രം ഇൻസെക്ക്യൂരിറ്റീസാണ് മെൻസ്ട്രൽ സൈക്കിൾ തുടങ്ങുന്ന ആദ്യകാലം മുതൽ നമ്മൾ നമ്മുടെ പെൺകുട്ടികളിൽ സൃഷ്ടിക്കുന്നത്.
അതുപോലെ പിരീഡ്സ് സമയങ്ങളിലെ മാനസിക ബുദ്ധിമുട്ടുകളെ കുറിച്ച് ഞാൻ കേൾക്കാൻ തുടങ്ങിയത് സ്കൂൾ കോളേജ് കാലഘട്ടങ്ങളിൽ കൂട്ടൂകാരുമായി സംസാരിക്കാൻ തുടങ്ങിയപ്പോഴാണ്. വീട്ടിൽ നിന്നോ മുതിർന്ന സ്ത്രീകളിൽ നിന്നോ ഒരിക്കൽ പോലും ശാരീരികമായ ബുദ്ധിമുട്ടുകളെ കുറിച്ചല്ലാതെ മാനസികമായ പിരിമുറുക്കങ്ങൾ അഥവാ മൂഡ് സ്വിങ്ങ്സിനെ കുറിച്ച് കേട്ടിട്ടേയില്ല. പീരീഡ്സ് സമയങ്ങളിലെ മൂഡ് സ്വിങ്ങ്സ് ഒരാൾ കടന്നു പോകാവുന്ന ഏറ്റവും കടുപ്പമേറിയ മാനസികാവസ്ഥയാണെന്ന ബോധ്യം ഇന്നും നമുക്കിടയിൽ വളരെ കുറവാണ്. അപ്പോൾ ലോക്ക് ഡൗൺ പോലുള്ള സാഹചര്യങ്ങളിൽ വീട്ടിൽ നിന്നും പുറത്തേക്കിറങ്ങാനോ കൂട്ടുകാരെ കാണാനോ സാധിക്കാത്ത അവസ്ഥയിൽ ആർത്തവവും അതിന്റെ ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകളെയും കുറിച്ച് വീടുകളിൽ തന്നെ അച്ഛനോട്, അമ്മയോട്, സഹോദരങ്ങളോട് തുറന്നു സംസാരിക്കാൻ സാധിക്കുന്നൊരു അന്തരീക്ഷമുണ്ടാകേണ്ടത് അനിവാര്യമല്ലേ?
ഇതോടൊപ്പം മറ്റൊരു ഇൻസിഡന്റ് ഓർക്കുകയാണ്. യൂണിവേഴ്സിറ്റിയിൽ വെച്ചു ഒരിക്കൽ ടക്ക് ഷോപ്പിൽ നിന്നും പൊതിയാതെ സ്റ്റേഫ്രീ മേടിച്ചുവരുന്ന എന്നെ കണ്ട് കൂടെയുണ്ടായിരുന്ന ആൺ സുഹൃത്തിനെ പെട്ടന്നു പറഞ്ഞു വിട്ടു ഒരു കൂട്ടുകാരി എന്റെ അടുത്തേക്കു ഓടി വന്നു. "നീ ഇതെന്താ ഇങ്ങനെ പിടിച്ചേക്കുന്നേ, ഇവിടെ നിറച്ചും ആൾക്കാർ ഉള്ളതല്ലേ, അവനു എന്തെങ്കിലും തോന്നുമോ എന്നു ഓർത്തു ഞാൻ ഓടിച്ചു വിട്ടു, എനിക്ക് തന്നെ കണ്ടിട്ടു വല്ലാതെയായി." ഒരു നിമിഷം കയ്യിൽ ഉള്ളതെന്തോ മാരകവസ്തു അണോയെന്നു ശരിക്കും തോന്നി പോയേനെ.
കുറച്ചും കൂടെ എന്തും തുറന്നു തന്നെ സംസാരിക്കാവുന്ന ഇടങ്ങളാണ് നമ്മുടെ ക്യാമ്പസുകൾ. എല്ലാ കാര്യങ്ങളും തുറന്നുപറയുന്ന കൂട്ടുകാരന്മാരോട് പിരീഡ്സിനെ കുറിച്ചും ഒരു മടിയുമില്ലാതെ സംസാരിക്കാൻ നമുക്ക് കഴിഞ്ഞാലല്ലേ അവർക്കത് മസിലാക്കാൻ സാധിക്കുകയുള്ളൂ, അപ്പോഴല്ലേ അവർ ശരിക്കും നമ്മുടെ സുഹൃത്തുക്കളാകുന്നുള്ളു. ക്ഷീണിച്ചു തളർന്നു ആകെ വിഷമിച്ചു നിൽക്കുന്ന എന്നെ കണ്ടു കാര്യം തിരക്കി പിരീഡ്സാണെന്നറിഞ്ഞപ്പോൾ ചേർത്തുപിടിച്ച് വിളിച്ചുകൊണ്ടുപോയി കാപ്പി മേടിച്ചു തന്നു കൂടെയിരുന്നൊരുപാടു നേരം സംസാരിച്ച കൂട്ടുകാരനെയിപ്പോൾ ഓർക്കുകയാണ്, അതുപോലെയുള്ള ഒരുപാടു സുഹൃത്തുക്കൾ ഉണ്ടെന്നത് വലിയ സന്തോഷം തോന്നുന്നു.
ഇനിയുമെത്ര നാൾ നമ്മൾ പൊതിഞ്ഞ കവറുകളിലെ പുറത്തു കാണിക്കാൻ കൊള്ളാത്ത വസ്തുക്കൾ എന്നപോലെ ആളുകൾക്കിടയിൽ നിന്നും പാഡുമായി ഓടും?? പെണ്ണിടങ്ങളിൽ മാത്രം ആ കെട്ടുകളയക്കും??.
അഞ്ചു രൂപയുടെ മിഠായിയുടെ കൂടെ കിട്ടുന്ന "ഫ്രീ" തന്നില്ലെങ്കിൽ കടയിൽ പോയി പ്രശ്നമുണ്ടാക്കുന്ന, അണ്ടർ വെയേർസൊഴിച്ചു എന്തും കടയിൽ തിരിച്ചു പോയി മാറാൻ ഒരു മടിയുമില്ലാത്ത നമുക്ക് എന്തിനാണ് നാപ്കിൻ നോക്കി മേടിക്കാനോ മാറി മേടിക്കാനോ മടി?
അനാവശ്യമായ ഒരുപാടു കാര്യങ്ങൾ നോർമലൈസ് ചെയ്യപ്പെട്ടിടുള്ള നമ്മുടെ സമൂഹത്തിൽ ഇത്രമേൽ അവശ്യസാധനമായ നാപ്കിൻസ് ഇനിയെങ്കിലും ഒരു നോർമൽ സാധനമാകണ്ടേ?.
അതുകൊണ്ട് "അത്, ഇത്, ഇതൊക്കെ" എന്നു പറയുന്നതിനു പകരം നമുക്ക് ഉറക്കെ തന്നെ പറയാം "സാനിറ്ററി നാപ്കിൻസ്, പാഡ്, പിരീഡ്സ്, മെൻസ്ട്രൽ സൈക്കിൾ" കാരണം നമ്മുടെ ബുദ്ധിമുട്ടുകൾ നമ്മൾ തന്നെ ഉറക്കെ പറഞ്ഞാലെ അതു ആദ്യം നമ്മുടെ തന്നെ കാതുകളിൽ എത്തൂ. എങ്കിലെ അതൊക്കെ നമ്മുടെ പ്രശ്നങ്ങളാണെന്നു നമുക്ക് തന്നെ മനസിലാവുകയുള്ളു.
അതാണാദ്യം സംഭവിക്കേണ്ടത്.
(എൻബി : ചുവടെയുള്ള ചിത്രം കണ്ടു ആർക്കെങ്കിലും ബുദ്ധിമുട്ട് തോന്നിയാൽ, അത് ആരെയും ഒന്നും ചെയ്യില്ലാതൊരു പാവം വസ്തുവാണ് (ഞാനല്ല) ഒരു പരിധിവരെയും ഉപകാരം മാത്രമേയുള്ളൂ.)
🌺🌺
ReplyDeleteഅനാവശ്യമായ ഒരുപാടു കാര്യങ്ങൾ നോർമലൈസ് ചെയ്യപ്പെട്ടിടുള്ള നമ്മുടെ സമൂഹത്തിൽ ഇത്രമേൽ അവശ്യസാധനമായ നാപ്കിൻസ് ഇനിയെങ്കിലും ഒരു നോർമൽ സാധനമാകണ്ടേ?.♥
ReplyDeleteഅ- ശുദ്ധി ശുദ്ധിയില്ലാത്തതെന്ന് വിശേഷിപ്പിക്കപ്പെടുമ്പോൾ.. അതേ അശുദ്ധിയുടെ ബീജങ്ങൾ ശുദ്ധിയുള്ളവർക്ക് ജന്മം നൽകി.....
ReplyDelete# ആർത്തവം
❤️❤️❤️goodone
ReplyDeleteനന്നായി ഡാ👏👏
ReplyDeleteWell said Geetu ♥♥
ReplyDelete