Monday, June 8, 2020

ഒരു ചെറു പുഞ്ചിരിയും നിലപാടുകളും!

എം ടിയുടെ ഒരു ചെറുപുഞ്ചിരി എന്ന ചിത്രം. 49 കൊല്ലമായി ഒന്നിച്ചു ജീവിക്കുന്ന, വേണ്ടതെല്ലാം പറമ്പിൽ തന്നെ നട്ടു വളർത്തി, മക്കളുടെ ഫോൺ വിളികളേക്കാൽ അവരുടെ കത്തുകളാഗ്രഹിക്കുന്ന വൃദ്ധ ദമ്പതികൾ, അവരുടെ ദൈനംദിന ജീവിതത്തിന്റെ കഥയിലൂടെ പറഞ്ഞു പോകാവുന്നത്ര ആശയങ്ങളാണ് ചിത്രം മുന്നോട്ടു വെക്കുന്നത്. മലയാള സിനിമയിൽ അധികം കാണാൻ കഴിഞ്ഞിട്ടില്ലാത്ത ഭംഗിയുള്ളൊരു ഈക്വാലി ഇവരുടെയിടയിൽ കാണാൻ സാധിക്കും, അതിൽ തന്നെ അവർ പരസ്പരം ഒരുപോലെ വാല്യൂ ചെയ്യുന്നതും, പ്രണയവും, സൗഹൃദവും കരുതലും ഒരുപോലെ അവരെ ചേർത്തു പിടിക്കുന്നു എന്നതും. അമ്മാളൂട്ടിയമ്മക്കു മുടി ചീകി കൊടുക്കുന്നത് അത്ഭുതത്തോടെ നോക്കി നിൽക്കുന്ന കുട്ടിയോട്, ഇതിലെന്താണിത്ര കൗതുകം, വല്യമ്മ കുളിക്കുമ്പോൾ വല്ല്യച്ചൻ പുറവും തേച്ചു കൊടുക്കാറുണ്ടന്നു കുറപ്പ് പറയുന്നത് കാണാം. പുറംവേദനക്കു അമ്മാളൂട്ടിയമ്മക്കു ഞവരകിഴി വെച്ചു കൊടുക്കുന്ന കുറുപ്പും രാത്രി കുറുപ്പിനു നെഞ്ചിരിച്ചിലുണ്ടാകുമെന്നു മനസിലാക്കി മുറിയിൽ മോരും ചൂർണ്ണവും നേരത്തെ തന്നെ കരുതിവെക്കുന്ന അമ്മാളൂട്ടിയമ്മയും.

വീട്ടിൽ വരുന്നവരോടൊക്കെയും ചായ കുടിച്ചിട്ടു പോകാമെന്നു പറയുന്നുണ്ട് ഇവർ, വെടിക്കിട്ട് പിരിവിനു വരുന്ന അമ്പലകമ്മറ്റിക്കാരോട്, സ്കൂളിൽ ഉച്ചക്കഞ്ഞി നിർത്തിയതാരെങ്കിലും അന്വേഷിച്ചോ? അതിനു വേണ്ടി പിരിവിനു വന്നാൽ പറമ്പിലുള്ളതൊക്കെ തരാം എന്നും, അടുത്ത വീട്ടിൽ സഹായത്തിനു വന്നു നിൽക്കുന്ന കൊച്ചു പയ്യൻ കണ്ണനോട് നിനക്കിനി മുതൽ എന്നും ഞാൻ പാഠങ്ങൾ പറഞ്ഞു തരുമെന്നും അടുത്ത കൊല്ലം മൂന്നാം തരത്തിൽ ചേർത്തു നിന്നെ പഠിപ്പിക്കുമെന്നും പറയുന്ന കുറുപ്പ്. അയാൾക്കൊപ്പം തന്നെ പൂമുഖത്തേക്കു വന്നു സംസാരിക്കുന്ന അമ്മാളൂട്ടിയമ്മ. 

കല്യാണമുറപ്പിച്ചു അതവസാനം അറിയിച്ചപ്പോൾ കൊച്ചുമകൾ എതിർത്തു എന്നു പറയുന്ന മക്കളോട്, തിരുമാനമെടുക്കുന്ന ഓരോ ഘട്ടത്തിലും അത് പെൺകുട്ടിയെ അറിയിക്കണമെന്നും അവൾക്ക് ഇഷ്ടമല്ലെങ്കിൽ അതു വേണ്ടാന്നു വെക്കണമെന്നും, അവൾ ഒരു മുസ്ലിം പയ്യനുമായി പ്രണയത്തിലാണെന്നും അവൻ മിടുക്കനാണെങ്കിലും അവന്റെയച്ഛൻ തന്റെ ഡ്രൈവറാണെന്നും വീണ്ടും മക്കൾ പറയുമ്പോൾ, അച്ഛൻ ഡ്രൈവറാണെങ്കിലെന്താ, മകനെയല്ലേ കല്യാണം കഴിക്കുന്നത് പിന്നെ ഡ്രൈവർ പണിയെന്താ മോശമാണോയെന്നും കുറുപ്പ് ചോദിക്കുന്നുണ്ട്. ഒപ്പം കൊച്ചുമകളോട് ആ ബന്ധത്തിനുറപ്പുണ്ടെങ്കിൽ ഞങ്ങൾ കൂടെയുണ്ടന്നും പറയുന്നവരാണ് ആ മുത്തശ്ശനും മുത്തശ്ശിയും.  

ആശ്രയമൊന്നുമില്ലാതെ അയൽവക്കത്തു കഴിയുന്ന ഒരു അമ്മക്കും മകൾക്കും അവർ സഹായം ചെയ്തു കൊടുക്കുന്നത്, ആ സ്ത്രീക്കൊരു ജോലി തരപ്പെടുത്തി കൊടുത്താണ്. ആ പെൺകുട്ടിയെ പെണ്ണുകാണാൻ വരുന്നവർ സ്ത്രീധനം ചോദിക്കുമ്പോൾ അടുത്ത വണ്ടിക്കു പൊയ്ക്കോളാനും പറയുന്നുണ്ട് കുറുപ്പ്.

ചിത്രത്തിൽ അത്ര ഇഷ്ടം തോന്നിയൊരു രംഗമാണ് ഇതേ പെൺകുട്ടിയുടെ കല്യാണതലേന്ന് അവളെ കണ്ടുവരും വഴി നീയവൾക്ക് എന്താ കൊടുത്തേ എന്ന് കുറുപ്പ് അമ്മാളൂട്ടിയമ്മയോട് ചോദിക്കുന്നത്. അതായത് സ്വതന്ത്രമായി തങ്ങൾക്ക് ഇഷ്ടമുള്ളത് കൊടുത്തതിനു ശേഷമാണ് പരസ്പരം അവരതന്വേഷിക്കുന്നത് തന്നെ. ഒപ്പം എന്നേപോലൊരു ഭാര്യയാകാൻ കഴിയട്ടെ എന്നാണ് ഞാനവളെ അനുഗ്രഹിച്ചതെന്നു കൂടി അമ്മാളൂട്ടിയമ്മ പറയുന്നുണ്ട്, അതിനർത്ഥം തനിക്കു ലഭിച്ച പോലൊരു വൈവാഹിക ജീവിതം അവൾക്ക് ലഭിക്കട്ടെയെന്നു. ഏറെക്കുറെ ഇതുപോലെ തന്നെ അമ്മാളൂട്ടിയമ്മയെകുറിച്ച് കുറപ്പും ചിത്രത്തിൽ പലയിടത്തും പറയുന്നത് കേൾക്കാം.
മുറ്റമടിക്കുന്ന അമ്മാളൂട്ടിയമ്മയെ കണ്ട് ഓടി ചെന്നു നടുവുവേദനയുടെ കാര്യമോർമ്മപ്പെടുത്തി, ആ ചൂലെടുത്ത് നീണ്ടൊരു കമ്പിൽ ചേർത്തു കെട്ടി കുറുപ്പ് മുറ്റമടിക്കുന്നതും, ഉപ്പുമാങ്ങയെടുക്കാൻ കുറുപ്പ് അടുക്കളപ്പുറത്തു കയറുമ്പോൾ ഏണിയെടുത്ത് മാറ്റിവെച്ചു അമ്മാളൂട്ടിയമ്മ തേങ്ങ ചിരകുന്നതും മുകളിലിരുന്നുകൊണ്ട് കുറുപ്പ് വഴക്കുണ്ടാക്കുന്നതും, ഇതെല്ലാം കണ്ടാസ്വദിച്ചു നിൽക്കുന്ന കണ്ണനോട്, ഇല്ലെങ്കിൽ ചിരകുന്ന തേങ്ങയെല്ലാം എടുത്തു തിന്നു വയറു വയ്യാതാകുമെന്നു അമ്മാളൂട്ടിയമ്മ പറയുന്നതും അതുപോലെ പ്രിയപ്പെട്ട മറ്റു ചില രംഗങ്ങൾ.

തേടി വരുന്ന പഴയെ സുഹൃത്തുക്കൾ, ഓർമ്മകൾ, ഇവരുടെ ഇടയ്ക്കുള്ള കലഹങ്ങൾ കളിയാക്കലുകൾ, അതിലൂടെയൊക്കെയൊരു ചെറുപുഞ്ചിരി നമുക്ക് സമ്മാനിക്കുന്നു ചിത്രം, ഒപ്പം വളരെ ലളിതമായി എന്നാൽ അത്ര തന്നെ ശക്തമായി ഒരുപാട് നിലപാടുകളും വ്യക്തമാക്കുന്നു.


1 comment: